Sunday, December 18, 2011

വേദനിപ്പിക്കുന്ന പേനകള്‍: ചെറിയമ്മ തന്ന പേന


വേദനിപ്പിക്കുന്ന പേനകള്‍                        
ചെറിയമ്മ തന്ന പേന

പൊളിച്ച തറവാട്ടിലെ സാധനങ്ങള്‍ തൊട്ടടുത്ത് പണിത ചെറിയ  വീട്ടിലേക്ക് മാറ്റിയിരുന്നു.  ചെറിയമ്മയുടെ പഴയ പുസ്തകങ്ങള്‍ വെച്ചിട്ടുള്ള അലമാര എങ്ങോട്ടാണ് വെച്ചതെന്ന് അറിയാനായിരുന്നു എന്റെ തിടുക്കം.  ഒരു മാസമായി തറവാട് പൊളിച്ചിട്ട്. അത്രയും തന്നെ ആയിട്ടുണ്ടാകും ഈ സാധനങ്ങള്‍ മാറ്റിയിട്ടും.  അജിയേട്ടന്  കിട്ടിയ ഓഹരിയില്‍ വീട് പണി തീര്‍ന്നാല്‍ വിശാലു ചെറിയമ്മയും അനിയന്‍ മാമയും അങ്ങോട്ട്‌ മാറും.  ഈ ചെറിയ വീടിന്റെ തൊട്ടു മുന്നില്‍ തന്നെയാണ് പുതിയ വീടും പണിയുന്നത്. തറവാടു പൊളിച്ചതിനു ശേഷം ആദ്യമായാണ് ഞാനും അമ്മയും വരവൂരില്‍ നിന്നും കാണിപ്പയ്യൂരിലേക്ക് വരുന്നതു.  ഭാഗ്യം!  ചെറിയമ്മയുടെ അലമാര ആകെയുള്ള ഒരു മുറിയുടെ മൂലയില്‍ തന്നെ വെച്ചിട്ടുണ്ട്, സുരക്ഷിതമായി.  തറവാട്ടില്‍ ഇത് തട്ടിന്‍ മുകളില്‍ മുകളിലെ മുറിയിലായിരുന്നു. വിശാലു ചെറിയമ്മയുടെ പ്രത്യേക അനുവാദം വാങ്ങിയിട്ടായിരുന്നു ഹൈസ്കൂളില്‍ പഠിക്കുമ്പോഴും ഡിഗ്രിക്ക് പഠിക്കുമ്പോഴും ഞാന്‍ ഈ അലമാരയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തു വായിക്കാറുള്ളത്.  ഏഴു മുതല്‍ പത്തു വരെയും ഡിഗ്രിക്കും ഞാന്‍ തറവാട്ടിലെ ലീല ചെറിയമ്മയുടെ വീട്ടിലും ലത ചേച്ചിയുടെ വീട്ടിലും നിന്നാണ് പഠിച്ചത്. തറവാട്ട്‌ പറമ്പില്‍ തന്നെയാണ് ഈ വീടുകളും.  അതിനാല്‍ കളിക്കാനും വിശ്രമിക്കാനുമൊക്കെ ഞങ്ങള്‍ പിള്ളേര്‍ തറവാട്ടില്‍ വരും.  ഒളിച്ചു കളിക്കാനാണ് തറവാട് ബെസ്റ്റ്‌.  മച്ചിലും അനിയന്‍ മാമയുടെ മുറിയിലും തട്ടിന്‍ പുറത്തെ ഇരുട്ടിലും ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഇഷ്ടം പോലെ.  അങ്ങനെ ഒളിച്ചിരിക്കുമ്പോഴാണ് ഈ അലമാര ശ്രദ്ധയില്‍ പെട്ടത്.  കെമിസ്ട്രി പുസ്തകങ്ങളായിരുന്നു കൂടുതലും.  പിന്നെ ബെര്‍നാര്‍ഡ് ഷായുടെ ആപ്പിള്‍ കാര്‍ട്ട് തുടങ്ങി കുറെ സാഹിത്യ ഗ്രന്ഥങ്ങളും.  "ഉണ്ണി കൃഷ്ണന്‍ പുതൂര്‍ " എന്ന് പെന്‍സിലില്‍ എഴുതിയ ഒരു പുസ്തകവും ഇടയില്‍ കണ്ടു.   ചെറിയമ്മ പുതൂരിനെ അറിയുമോ എന്ന് സംശയം ഉണ്ടായി.  അറിയുമായിരുന്നിരിക്കും.  ഏകദേശം ഒരേ പ്രായക്കാരാണെന്ന് തോന്നുന്നു രണ്ടു പേരും.  ചെറിയമ്മ മരിച്ചു പോയി. അല്ലെങ്കില്‍ ചോദിക്കാമായിരുന്നു.  അജിയേട്ടനെ പ്രസവിച്ചപ്പോള്‍ ചെറിയമ്മ മരിച്ചു.  ബാബ അടോമിക് റിസര്‍ച് സെന്ററില്‍ ശാസ്ത്രജ്ഞയായിരുന്നു. തറവാട്ടില്‍ തട്ടിന്റെ മുകളിലെ ചുമരില്‍ ചെറിയമ്മയുടെ ഫോട്ടോ ഒരു ദിവസം ഞാന്‍ കണ്ടിരുന്നു.  അതിനടുത്തായി അമ്മയുടെ ചെറുപ്പത്തിലെ ഒരു ഫോട്ടോയും കണ്ടു.  കണിശക്കാരിയായ വിശാലു ചെറിയമ്മ എന്ത് കൊണ്ടാണെന്നറിയില്ല, ഈ അലമാരയിലെ പുസ്തകങ്ങള്‍ നോക്കാന്‍ എന്നെ അനുവദിച്ചിരുന്നു.  പുതിയ സ്ഥലത്തേക്ക് മാറിയപ്പോള്‍ അലമാരിയിലെ പുസ്തകങ്ങള്‍ക്കൊന്നും വലിയ മാറ്റമില്ല.  ചില കിണ്ടികളും പാത്രങ്ങളും മറ്റും അജിയെട്ടന്‍ ബോംബേക്കു കൊണ്ടു പോയി എന്നു വിശാലു ചെറിയമ്മ പറഞ്ഞു.  വീട് അലങ്കരിക്കാനാണത്രേ.  കുറെ സാധനങ്ങള്‍ മുറ്റത്ത് തന്നെ കൂട്ടി ഇട്ടിരിക്കുന്നു.  അതിനിടയിലാണ് ഒരു പേന കിടക്കുന്നതു എന്റെ ശ്രദ്ധയില്‍ പെട്ടത്. എടുത്തു നോക്കി.  ഒരു ഹീറോ പേന.  അതിന്റെ പെട്ടിയും അടുത്ത് തന്നെ കിടക്കുന്നുണ്ട്.  അതെടുത്ത് നോക്കി.  നല്ല ഭംഗിയുള്ള അക്ഷരത്തില്‍ "തിലകമണി" എന്ന് കൊത്തി വെച്ചിരിക്കുന്നു.  അജിയേട്ടന്റെ അമ്മയുടെ പേരാണ് തിലകമണി.  എന്റെ ചെറിയമ്മ.  അജിയേട്ടന്‍ എടുത്തു നോക്കി വേണ്ടാതിട്ടതാണ് ആ പെട്ടിയും പേനയുമെന്നു വിശാലു ചെറിയമ്മ ഇടര്‍ച്ചയോടെ പറഞ്ഞു .  ഞാനതെടുത്തു.  ബിഎസ്സി കെമിസ്ട്രി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതിന് കോളേജില്‍ നിന്ന് സമ്മാനം കൊടുത്തതാണത്രേ ആ പെന്‍സെറ്റ്.  വരവൂരിലെ വീട്ടില്‍ ഇപ്പോഴും ആ പേന സുരക്ഷിതമായി ഇരിക്കുന്നുണ്ട്.  തറവാട്ടു മുറ്റത്തെ ചവറില്‍ നിന്നും ആ പേന അമ്മയുടെ ബാഗിലേക്ക് വെക്കുമ്പോള്‍ ഫോട്ടോയിലെ ചിരിക്കുന്ന ചെറിയമ്മയുടെ ചിത്രമാണ് മനസ്സില്‍ ഓടി വന്നത്.  തറവാട്ടിന്റെ തട്ടിന്‍ പുറത്ത് ഒളിച്ചിരിക്കുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ കണ്ട അതേ മുഖം.  "അജയാ അത് നീയെടുത്തോ"  എന്ന് ചെറിയമ്മ പറയുന്ന പോലെ തോന്നി.  മനസ് വീണ്ടും തട്ടിന്‍ മുകളിലേക്ക് പാഞ്ഞു പോകുന്നു.  ഒളിച്ചിരിക്കാറുള്ള അലമാരയുടെ പിന്നില്‍ നിന്നും നോക്കുമ്പോള്‍ ചെറിയമ്മയെ കാണാം.  "നിനക്കായി ഞാന്‍ ഒരു സമ്മാനം വെച്ചിട്ടുണ്ട്" എന്ന് ചെറിയമ്മ എന്റെ തലയില്‍ തലോടി പറഞ്ഞു.  "നന്നായി പഠിക്കണം. നന്നായി വായിക്കുകയും വേണം. എന്റെ ഇംഗ്ളീഷില്‍ എഴുതിയ ഒരു രാമായണം ഇവിടുണ്ട്.  അതെടുത്ത് വായിച്ചോ"   വായന തുടങ്ങി.  ആരോ പുറത്ത് തട്ടുന്നു.  നോക്കി.  ദിനു.  ഒളിച്ചിരിക്കുന്ന എന്നെ കണ്ടു പിടിച്ച സന്തോഷം ഉണ്ട് മുഖത്ത്.  പുസ്തകം അലമാരിയില്‍ തിരിച്ചു വെച്ച് അവന്റെയൊപ്പം തിരിച്ചിറങ്ങി.  വെറുതെ തിരിഞ്ഞു നോക്കി.  ചിരിച്ചു കൊണ്ട് ചെറിയമ്മ എന്നെ നോക്കുന്നു...

Wednesday, December 14, 2011

വേദനിപ്പിക്കുന്ന പേനകള്‍:നാല് മഷിയുള്ള പേന


വേദനിപ്പിക്കുന്ന പേനകള്‍         
നാല് മഷിയുള്ള പേന

പേനകളോട് ഇഷ്ടം തോന്നാന്‍ തുടങ്ങിയത് എപ്പോഴാണാവോ?  ആദ്യമായി അച്ഛന്‍ ഒരു പേന സമ്മാനിച്ചത് മുതലായിരിക്കാം.  നാലാം ക്ലാസ്സില്‍ പഠി ക്കുമ്പോഴാണത്.  ക്ലാസ്സിലെ വട്ടക്കൂറ എന്ന് വിളിക്കുന്ന സന്തോഷിന്റെ കയ്യില്‍ നാല് മഷിയില്‍ എഴുതാന്‍ പറ്റുന്ന ഒരു പേന!!  വെള്ള നിറമുള്ള ബോഡി.  മുകളില്‍ നാല് നിറത്തിലുള്ള ബട്ടണുകള്‍.  ഓരോന്നിലും അമര്‍ത്തുമ്പോള്‍ അതിന്റെ നിറമുള്ള ട്യൂബ് പുറത്ത് വരും. പിള്ളേരെല്ലാം അവന്റെ ചുറ്റുമാണ്.  ഓരോ നിറവും അവന്‍ ഓരോ വിഷയത്തിന്റെയും നോട്ടെഴുതാന്‍ ഉപയോഗിക്കും എന്ന് പ്രസ്താവിച്ചു.  അന്നത്തെ ഹീറോ അവനായി മാറി.  അവന്‍ ഓരോ പീരീഡിലും ഓരോ നോട്ടു പുസ്തകത്തില്‍ ഓരോ മഷിയില്‍ എഴുതുന്നതും നോക്കി ഞങ്ങളിരിക്കും, ക്ലാസ്സില്‍ ശ്രദ്ധിക്കാതെ.  ഞാന്‍ എന്നും പിന്നിലെ ബെഞ്ചില്‍ ആയിരുന്നതിനാല്‍ എത്തി നോക്കി സായൂജ്യം അടയുകയായിരുന്നു പതിവ്.  ഞങ്ങളുടെ പിന്നിലെ ബെഞ്ചിലെ ജോജുവും ഡിറ്റയും  ഞങ്ങളെ വകഞ്ഞു മാറ്റിയാണ് ഈ കാഴ്ച കണ്ടത്.


വീട്ടിലേക്കുള്ള മടക്ക യാത്രയില്‍, തളി രാജിലിരുന്നു ഇത് തന്നെയാണ് ചിന്തിച്ചത്.  എങ്ങനെ ഇത്തരം ഒരു പേന സംഘടിപ്പിക്കാം? വീടിലെത്തെണ്ട താമസം, കാര്യങ്ങള്‍ അമ്മയോട് അവതരിപ്പിച്ചു.  എന്റെ അമ്മ ചെവി കേള്‍ക്കാത്ത ഒരു ജന്തുവാണോയെന്നു ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഓര്‍ക്കാരുണ്ടായിരുന്നു.  ഇത്തവണയും ഓര്‍ത്തു.


പിന്നെ ഒരു ആശ്രയം അച്ഛനായിരുന്നു.  കോഴിക്കോട് നിന്ന് ജോലിയും കഴിഞ്ഞു അച്ഛന്‍ രാത്രി എട്ടെ മുക്കാലിന്റെ വഹീദ ബസില്‍ വരുന്നതും കാത്തു ഞാനിരുന്നു.  ഭക്ഷണം കഴിക്കുന്നതിനിടയില്‍ കാര്യം അവതരിപ്പിച്ചു.  അച്ഛന്‍ തല്ലാന്‍ വരാത്ത ഒരു സമയം അതാണ്‌.   പ്രതീക്ഷക്ക് വിപരീതമായി അച്ഛന്‍ നാല് മഷിയുള്ള പേന വാങ്ങി തരാമെന്നു സമ്മതിച്ചു!! പക്ഷെ ഒരു വ്യവസ്ഥ.  അടുത്ത പരീക്ഷയില്‍ അച്ഛന്റെ ഇഷ്ട വിഷയമായ കണക്കില്‍ നൂറില്‍ നൂറു മാര്‍ക്കും വാങ്ങണം!!  തുലഞ്ഞു!!!  എല്ലാം പോയി.  ഒന്നാം ക്ലാസ്സില്‍ നിര്‍ത്തിയതാണ് കണക്കില്‍ നൂറില്‍ നൂറു മാര്‍ക്കും വാങ്ങുന്ന ശീലം.  അതിനി തുടങ്ങുക എന്നൊക്കെ പറഞ്ഞാല്‍....ഇതിനെക്കാള്‍ ഭേദം പേന വാങ്ങി തരില്ല എന്ന് പറയുന്നതായിരുന്നു.  എല്ലാം മറക്കാം എന്ന തീരുമാനവുമായാണ് അന്ന് ഉറങ്ങാന്‍ കിടന്നത്. 


എങ്ങനെ മറക്കാന്‍?  ക്ലാസിലെത്തിയാല്‍ വട്ടക്കൂറയെ കാണും.  അവന്റെ പേന കാണും.  എല്ലാം പഴയ പോലെ.  വീണ്ടും അച്ഛനോട് ചോദിക്കും - ഉപാധികളില്‍ അയവു വരുത്തിക്കൂടെ എന്ന്.  രക്ഷയില്ല.  വീണ്ടും പഴയ പല്ലവി തന്നെ. 


ക്രിസ്ത്മസ്പരീക്ഷ കഴിഞ്ഞു സതി ടീച്ചര്‍ കണക്കിന്റെ പേപ്പര്‍ വിതരണം ചെയ്തപ്പോഴാണ് എന്റെ കണ്ണ് തള്ളിയത്.  എനിക്കതാ നൂറില്‍ നൂറു മാര്‍ക്ക്!!! (അമ്പതില്‍ അമ്പതു).  ഞെട്ടി.  വീണ്ടും ഞെട്ടി.  എന്റെ പേപ്പര്‍ തന്നെയാണോ എന്ന് നോക്കി.  അതെ.  എന്റെ പേപ്പര്‍ തന്നെ.  അജയ്‌ കുട്ടി എന്ന സഹപാഠിയുടെ പേപ്പര്‍ അല്ല. 


ദിവാകരന്‍ ഓടിക്കുന്ന തളി രാജിന് വേഗത പോര എന്ന് തോന്നിയത് അന്നത്തെ മടക്ക യാത്രയിലാണ്.  ചിന്തകള്‍ ബസ്സിനെക്കാള്‍ വേഗത്തില്‍ പായുന്നു.  അച്ഛന്‍ കാലു മാറുമോ?  പണ്ടും അദ്ദേഹം കാലു മാറിയ ചരിത്രമുണ്ട്.  ഇനി കണക്കിനല്ല, ഇംഗ്ലീഷില്‍ നൂറില്‍ നൂറു മാര്‍ക്ക് വാങ്ങാനായിരിക്കുമോ പറഞ്ഞത്?  അതോ ഇനി പൈസയില്ല എന്ന് പറയുമോ?  ഇത്തരം ചിന്തകള്‍ കുടലിനെ ഞെക്കി.  ഓ വി വിജയന്‍റെ അനന്ത പുരിയിലെ പ്രജാപതിക്ക് തോന്നിയത് എനിക്കും തോന്നി. 


വഹീദ ബസിന്റെ ഹോണ്‍ കോരപ്പനാലില്‍ കേള്‍ക്കാന്‍ തുടങ്ങിയതും നെഞ്ചിടിപ്പ് കൂടി.  പിന്നെ ബസു നീര്‍ക്കോലി മുക്കില്‍ വന്നു നില്‍ക്കുമ്പോള്‍ ഉള്ള ശബ്ദം, പോകാനുള്ള വിസിലിന്റെ ശബ്ദം, അല്‍പ്പം കഴിഞ്ഞു ഗേറ്റ് തുറക്കുന്ന ശബ്ദം, അച്ഛന്‍ വന്നു കോളിംഗ് ബെല്‍ അടിക്കാതെ അമ്മയെ വിളിക്കുന്ന ശബ്ദം, ഇത്തരം ശബ്ദങ്ങളില്‍ നിന്നാണ് അച്ഛന്‍ വന്നു എന്ന് ഞാന്‍ ഉറപ്പിക്കാറുള്ളത്.  (വഹീദ ബസ്‌ നിര്‍ത്താതെ പോകുമ്പോള്‍ ചില രാത്രികളില്‍ നിരാശ ഉണ്ടാകാറുണ്ട്. അച്ഛന്‍ വരാറില്ല.  കോഴിക്കോടുള്ള റൂമില്‍ തങ്ങും).  വന്ന വഴിയെ അച്ഛനോട് കാര്യം പറഞ്ഞു.  പേന വാങ്ങി തരാം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ സന്തോഷമായി.  അന്ന് അച്ഛന്റെ കൂടെ കിടന്നുറങ്ങാം എന്ന് തീരുമാനിച്ചു.  അതായത് അമ്മയുടെയും അച്ഛന്റെയും നടുക്ക്. 


പിറ്റേന്ന് രാത്രി വീണ്ടും വഹീദ വരാനുള്ള കാത്തിരിപ്പായിരുന്നു.  അച്ഛന്‍ വന്നു.  വിളിക്കേണ്ടി വന്നില്ല.  ഞാന്‍ തന്നെ വാതില്‍ തുറന്നു.  ബാഗ്‌ തട്ടി പറിച്ചു, പേനക്കായി പരതി.  ഇല്ല.  പേന ഇല്ല.  കരച്ചില്‍ വന്നു.  ഇന്നലെ അച്ഛന്റെ അടുത്ത് കിടന്നുറങ്ങേണ്ടിയിരുന്നില്ല എന്ന് തോന്നി.  വഞ്ചകന്‍.  പേന വാങ്ങാതെ വന്നിരിക്കുന്നു.  അടുത്ത പരീക്ഷയില്‍ കണക്കില്‍ പൂജ്യം വാങ്ങാന്‍ അപ്പോള്‍ തന്നെ ഉറച്ച ഒരു തീരുമാനമെടുത്തു.  അച്ഛന്‍ ചിരിച്ചു.  ഷര്‍ട്ടിന്റെ അടിയിലെ ബനിയന്റെ ഉള്ളില്‍ നിന്നും ഒരു പ്ലാസ്റ്റിക്‌ പെട്ടി പുറത്തെടുത്തു.  അതേ ചിരിയോടെ എനിക്ക് തന്നു.  പേന.  പച്ച നിറമുള്ള പെട്ടി.  അതിനു ചില്ലടപ്പു.  തുറക്കുമ്പോള്‍ വെല്‍വെറ്റ് ആവരണം.  അതിനുള്ളില്‍ നാല് മഷിയുള്ള പേന. വില്‍സണ്‍ കമ്പനി. പേന എങ്ങനെ ഉപയോഗിക്കണം എന്ന കാറ്റ്ലോഗ്.  കലക്കി.   ഉഗ്രന്‍.  പേന പ്ലാസ്ടിക്കല്ല.  സ്റ്റീല്‍ ആണ്.  കൂടിയ ഇനമാണെന്ന് അര്‍ത്ഥം!!  അന്നും അച്ഛന്റെ കൂടെ തന്നെ കിടന്നുറങ്ങി.  അതായത് അമ്മയുടെയും അച്ഛന്റെയും നടുക്ക്. 


പിറ്റേന്നാണ് മറ്റൊരു ഉടക്ക് ഉടലെടുത്തത്.  ഇത്രയും വില കൂടിയ പേന സ്കൂളില്‍ കൊണ്ടു പോകേണ്ട എന്ന് അമ്മ.  ഞാനത് കളയുമത്രേ.എന്തായാലും കരഞ്ഞുകാലുപിടിച്ചു ഒരു ദിവസം കൊണ്ട് പോകമെന്നായി.  അന്നാകട്ടെ വട്ടക്കൂറ വന്നതുമില്ല. 


പിന്നീട്  സംഭവിച്ചത്:


1) പിന്നീടൊരിക്കലും ഞാന്‍ കണക്കില്‍ നൂറില്‍ നൂറു വാങ്ങിയില്ല.  പൂജ്യവും വാങ്ങിയില്ല.
2)അച്ഛന്‍ അന്ന് വാങ്ങി തന്ന വില്‍സണ്‍ പേന ഇന്നും എന്റെ കയ്യില്‍ ഉണ്ട്.  ഞാന്‍ ബാസ്കെറ്റ്‌ ബോള്‍ റഫറി ആയപ്പോള്‍ നാല് മഷി വേണമായിരുന്നു സ്കോര്‍ എഴുതാന്‍. അപ്പോള്‍ വരവൂരില്‍ പോയി ആ പേന എടുത്തു വന്നു.
3) എന്റെ അച്ഛന്‍ ഒരു കുട്ടിയുടെ മാത്രം അച്ഛനായിരുന്നു.  ഞാന്‍ രണ്ടു കുട്ടികളുടെ അച്ഛനായി.
4) എന്റെ മൂത്ത മകള്‍ എന്നോടു സ്നേഹം കൂടുമ്പോള്‍ അവളുടെ അമ്മയുടെയും അച്ഛന്റെയും നടുക്ക് കിടക്കാറുണ്‍ട്!
5) പേനകള്‍ പിന്നെയും എന്റെ ജീവിതത്തില്‍ കടന്നു വന്നു; പലവട്ടം.  ആ അനുഭവങ്ങള്‍ പകര്‍ത്താനുള്ള മഷി തേടി എന്റെ പേനകള്‍ അലഞ്ഞു കൊണ്ടിരിക്കുന്നു.