വേദനിപ്പിക്കുന്ന പേനകള്‍
ചെറിയമ്മ തന്ന പേന
പൊളിച്ച തറവാട്ടിലെ സാധനങ്ങള്‍ തൊട്ടടുത്ത് പണിത ചെറിയ വീട്ടിലേക്ക് മാറ്റിയിരുന്നു. ചെറിയമ്മയുടെ പഴയ പുസ്തകങ്ങള്‍ വെച്ചിട്ടുള്ള അലമാര എങ്ങോട്ടാണ് വെച്ചതെന്ന് അറിയാനായിരുന്നു എന്റെ തിടുക്കം. ഒരു മാസമായി തറവാട് പൊളിച്ചിട്ട്. അത്രയും തന്നെ ആയിട്ടുണ്ടാകും ഈ സാധനങ്ങള്‍ മാറ്റിയിട്ടും. അജിയേട്ടന് കിട്ടിയ ഓഹരിയില്‍ വീട് പണി തീര്‍ന്നാല്‍ വിശാലു ചെറിയമ്മയും അനിയന്‍ മാമയും അങ്ങോട്ട് മാറും. ഈ ചെറിയ വീടിന്റെ തൊട്ടു മുന്നില്‍ തന്നെയാണ് പുതിയ വീടും പണിയുന്നത്. തറവാടു പൊളിച്ചതിനു ശേഷം ആദ്യമായാണ് ഞാനും അമ്മയും വരവൂരില്‍ നിന്നും കാണിപ്പയ്യൂരിലേക്ക് വരുന്നതു. ഭാഗ്യം! ചെറിയമ്മയുടെ അലമാര ആകെയുള്ള ഒരു മുറിയുടെ മൂലയില്‍ തന്നെ വെച്ചിട്ടുണ്ട്, സുരക്ഷിതമായി. തറവാട്ടില്‍ ഇത് തട്ടിന്‍ മുകളില്‍ മുകളിലെ മുറിയിലായിരുന്നു. വിശാലു ചെറിയമ്മയുടെ പ്രത്യേക അനുവാദം വാങ്ങിയിട്ടായിരുന്നു ഹൈസ്കൂളില്‍ പഠിക്കുമ്പോഴും ഡിഗ്രിക്ക് പഠിക്കുമ്പോഴും ഞാന്‍ ഈ അലമാരയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തു വായിക്കാറുള്ളത്. ഏഴു മുതല്‍ പത്തു വരെയും ഡിഗ്രിക്കും ഞാന്‍ തറവാട്ടിലെ ലീല ചെറിയമ്മയുടെ വീട്ടിലും ലത ചേച്ചിയുടെ വീട്ടിലും നിന്നാണ് പഠിച്ചത്. തറവാട്ട് പറമ്പില്‍ തന്നെയാണ് ഈ വീടുകളും. അതിനാല്‍ കളിക്കാനും വിശ്രമിക്കാനുമൊക്കെ ഞങ്ങള്‍ പിള്ളേര്‍ തറവാട്ടില്‍ വരും. ഒളിച്ചു കളിക്കാനാണ് തറവാട് ബെസ്റ്റ്. മച്ചിലും അനിയന്‍ മാമയുടെ മുറിയിലും തട്ടിന്‍ പുറത്തെ ഇരുട്ടിലും ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ ഇഷ്ടം പോലെ. അങ്ങനെ ഒളിച്ചിരിക്കുമ്പോഴാണ് ഈ അലമാര ശ്രദ്ധയില്‍ പെട്ടത്. കെമിസ്ട്രി പുസ്തകങ്ങളായിരുന്നു കൂടുതലും. പിന്നെ ബെര്‍നാര്‍ഡ് ഷായുടെ ആപ്പിള്‍ കാര്‍ട്ട് തുടങ്ങി കുറെ സാഹിത്യ ഗ്രന്ഥങ്ങളും. "ഉണ്ണി കൃഷ്ണന്‍ പുതൂര്‍ " എന്ന് പെന്‍സിലില്‍ എഴുതിയ ഒരു പുസ്തകവും ഇടയില്‍ കണ്ടു. ചെറിയമ്മ പുതൂരിനെ അറിയുമോ എന്ന് സംശയം ഉണ്ടായി. അറിയുമായിരുന്നിരിക്കും. ഏകദേശം ഒരേ പ്രായക്കാരാണെന്ന് തോന്നുന്നു രണ്ടു പേരും. ചെറിയമ്മ മരിച്ചു പോയി. അല്ലെങ്കില്‍ ചോദിക്കാമായിരുന്നു. അജിയേട്ടനെ പ്രസവിച്ചപ്പോള്‍ ചെറിയമ്മ മരിച്ചു. ബാബ അടോമിക് റിസര്‍ച് സെന്ററില്‍ ശാസ്ത്രജ്ഞയായിരുന്നു. തറവാട്ടില്‍ തട്ടിന്റെ മുകളിലെ ചുമരില്‍ ചെറിയമ്മയുടെ ഫോട്ടോ ഒരു ദിവസം ഞാന്‍ കണ്ടിരുന്നു. അതിനടുത്തായി അമ്മയുടെ ചെറുപ്പത്തിലെ ഒരു ഫോട്ടോയും കണ്ടു. കണിശക്കാരിയായ വിശാലു ചെറിയമ്മ എന്ത് കൊണ്ടാണെന്നറിയില്ല, ഈ അലമാരയിലെ പുസ്തകങ്ങള്‍ നോക്കാന്‍ എന്നെ അനുവദിച്ചിരുന്നു. പുതിയ സ്ഥലത്തേക്ക് മാറിയപ്പോള്‍ അലമാരിയിലെ പുസ്തകങ്ങള്‍ക്കൊന്നും വലിയ മാറ്റമില്ല. ചില കിണ്ടികളും പാത്രങ്ങളും മറ്റും അജിയെട്ടന്‍ ബോംബേക്കു കൊണ്ടു പോയി എന്നു വിശാലു ചെറിയമ്മ പറഞ്ഞു. വീട് അലങ്കരിക്കാനാണത്രേ. കുറെ സാധനങ്ങള്‍ മുറ്റത്ത് തന്നെ കൂട്ടി ഇട്ടിരിക്കുന്നു. അതിനിടയിലാണ് ഒരു പേന കിടക്കുന്നതു എന്റെ ശ്രദ്ധയില്‍ പെട്ടത്. എടുത്തു നോക്കി. ഒരു ഹീറോ പേന. അതിന്റെ പെട്ടിയും അടുത്ത് തന്നെ കിടക്കുന്നുണ്ട്. അതെടുത്ത് നോക്കി. നല്ല ഭംഗിയുള്ള അക്ഷരത്തില്‍ "തിലകമണി" എന്ന് കൊത്തി വെച്ചിരിക്കുന്നു. അജിയേട്ടന്റെ അമ്മയുടെ പേരാണ് തിലകമണി. എന്റെ ചെറിയമ്മ. അജിയേട്ടന്‍ എടുത്തു നോക്കി വേണ്ടാതിട്ടതാണ് ആ പെട്ടിയും പേനയുമെന്നു വിശാലു ചെറിയമ്മ ഇടര്‍ച്ചയോടെ പറഞ്ഞു . ഞാനതെടുത്തു. ബിഎസ്സി കെമിസ്ട്രി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതിന് കോളേജില്‍ നിന്ന് സമ്മാനം കൊടുത്തതാണത്രേ ആ പെന്‍സെറ്റ്. വരവൂരിലെ വീട്ടില്‍ ഇപ്പോഴും ആ പേന സുരക്ഷിതമായി ഇരിക്കുന്നുണ്ട്. തറവാട്ടു മുറ്റത്തെ ചവറില്‍ നിന്നും ആ പേന അമ്മയുടെ ബാഗിലേക്ക് വെക്കുമ്പോള്‍ ഫോട്ടോയിലെ ചിരിക്കുന്ന ചെറിയമ്മയുടെ ചിത്രമാണ് മനസ്സില്‍ ഓടി വന്നത്. തറവാട്ടിന്റെ തട്ടിന്‍ പുറത്ത് ഒളിച്ചിരിക്കുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ കണ്ട അതേ മുഖം. "അജയാ അത് നീയെടുത്തോ" എന്ന് ചെറിയമ്മ പറയുന്ന പോലെ തോന്നി. മനസ് വീണ്ടും തട്ടിന്‍ മുകളിലേക്ക് പാഞ്ഞു പോകുന്നു. ഒളിച്ചിരിക്കാറുള്ള അലമാരയുടെ പിന്നില്‍ നിന്നും നോക്കുമ്പോള്‍ ചെറിയമ്മയെ കാണാം. "നിനക്കായി ഞാന്‍ ഒരു സമ്മാനം വെച്ചിട്ടുണ്ട്" എന്ന് ചെറിയമ്മ എന്റെ തലയില്‍ തലോടി പറഞ്ഞു. "നന്നായി പഠിക്കണം. നന്നായി വായിക്കുകയും വേണം. എന്റെ ഇംഗ്ളീഷില്‍ എഴുതിയ ഒരു രാമായണം ഇവിടുണ്ട്. അതെടുത്ത് വായിച്ചോ" വായന തുടങ്ങി. ആരോ പുറത്ത് തട്ടുന്നു. നോക്കി. ദിനു. ഒളിച്ചിരിക്കുന്ന എന്നെ കണ്ടു പിടിച്ച സന്തോഷം ഉണ്ട് മുഖത്ത്. പുസ്തകം അലമാരിയില്‍ തിരിച്ചു വെച്ച് അവന്റെയൊപ്പം തിരിച്ചിറങ്ങി. വെറുതെ തിരിഞ്ഞു നോക്കി. ചിരിച്ചു കൊണ്ട് ചെറിയമ്മ എന്നെ നോക്കുന്നു...
No comments:
Post a Comment