പുട്ടും സ്വപ്നങ്ങളും
26 ജനുവരി 2012
രാവിലെ
എണീറ്റപ്പോള്‍ മുതല്‍ പുട്ടും പഴവും തിന്നണമെന്ന് ഒരു തോന്നല്‍. പഴം
അടുക്കലയിലുണ്ട് എന്ന ചിന്ത പുട്ടെന്ന സ്വപ്നത്തിലേക്ക് എന്നെ കൂടുതല്‍
അടുപ്പിച്ചു കൊണ്ടിരുന്നു. പിന്നെ താമസിച്ചില്ല. അടുക്കളയില്‍ കടന്നു,
നാട്ടില്‍ നിന്നും കൊണ്ട് വന്ന അരിപ്പൊടി എടുത്തു. ഉപ്പിട്ടു.
വെള്ളമൊഴിച്ചു. ഇളക്കി. നല്ല രസം. ഒരു വിജയിയുടെ ഭാവം അപ്പോഴേക്കും
മനസ്സില്‍ നാമ്പിട്ടു തുടങ്ങിയിരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ക്ക്
ഒരു താളം വരാന്‍ തുടങ്ങി. തേങ്ങ ചിരകി. പുട്ട് കുടം എടുത്തു കഴുകി.
വെള്ളം ഒഴിച്ചു സ്റ്റവില്‍ വെച്ചു. ഒരു മിനിട്ട് അങ്ങനെ എല്ലാം
കണ്ടാസ്വധിച്ചു. പുട്ട് കുറ്റി എടുത്തു. ഇനി തേങ്ങാ ഇടണം, പിന്നെ
പൊടിയിടണം. പിന്നെയും തേങ്ങാ , പിന്നെ പൊടി. അതിനായി കുറ്റിയില്‍ ആദ്യം
ചില്ലിടണം. (കുറ്റിയില്‍ ഇടുന്ന സാധനങ്ങള്‍ കുടത്തില്‍ വീഴാതെ നോക്കുകയും.
എന്നാല്‍ കുടത്തിലെ ആവിയെ കുറ്റിയിലെത്തിക്കുകയും ചെയ്യുന്ന ചെറിയ
ദ്വാരമുള്ള ആ സ്റ്റീല്‍ അടപ്പിനെ ഞങ്ങളുടെ നാട്ടില്‍ ചില്ല് എന്ന് പറയും)
ചില്ല് തപ്പി. കാണുന്നില്ല. വീണ്ടും തപ്പി. കാണുന്നില്ല. ദൈവമേ!
ഇങ്ങനെയൊരു അടി പ്രതീക്ഷിച്ചില്ല. വീണ്ടും വീണ്ടും തപ്പി. കാണുന്നേയില്ല.
കുടത്തിലെ വെള്ളം ചൂടാവാന്‍ തുടങ്ങി. കുഴച്ചു വെച്ചിരിക്കുന്ന പൊടി ഇനി
എന്ത് ചെയ്യണം? പിടി കിട്ടുന്നില്ല. പിന്നെ ആമാന്തിച്ചില്ല. ലാപ് ടോപ്
തുറന്നു. ഫേസ് ബുക്കില്‍ കയറി. ഇതെഴുതി. ഇനി, മൈക്രോ വേവ് ഓവനില്‍
സൂക്ഷിച്ചു വെച്ചിരിക്കുന്ന ബ്രെഡ് എടുത്ത് നിരാശയുടെ കണ്ണീരില്‍ മുക്കി
കഴിക്കാം. എന്നിട്ട് വേണം ഓഫീസില്‍ പോകാന്‍. ദേശീയ പതാക ഉയര്‍ത്താന്‍.
ജയ് ഹിന്ദ്.
(പറയാതിരിക്കാന്‍ വയ്യ. എന്റെ അമ്മയോ ഭാര്യയോ ഇന്നേ വരെ പുട്ടിന്റെ ചില്ല് തപ്പുന്നത് ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല.)
No comments:
Post a Comment