Saturday, January 28, 2012

വരവൂരിന്റെ മണ്ണില്‍ അലിഞ്ഞ ഒരു നക്ഷത്രം...



വരവൂരിന്റെ മണ്ണില്‍ അലിഞ്ഞ ഒരു നക്ഷത്രം...

21 ജനുവരി 2012

നേപ്പാളില്‍ നിന്നും മടങ്ങി വരുന്ന വഴിക്കാണ് നാട്ടില്‍ നിന്നും കുഞ്ഞുമോന്റെ ഫോണ്‍ വന്നത്. കളത്തിലെ മണിമാമ മരിച്ചു.  ഇന്നലെ രാത്രിയാണ് മരിച്ചത്.  നാട്ടില്‍ തന്നെ സംസ്കാരം നടത്തണം എന്നതായിരുന്നു മണി മാമയുടെ ആഗ്രഹം.  അതിന്‍ പ്രകാരം എല്ലാം കഴിഞ്ഞു എന്ന് കൂടി കുഞ്ഞുമോന്‍ പറഞ്ഞു. 

സുരേഷിന്റെ  വലിയച്ഛനാണ് മണിമാമ.  അച്ഛന്റെ ഏട്ടന്‍. തികച്ചും സൌമ്യന്‍.  ഷെറാട്ടന്‍ ഗ്രൂപ്പില്‍ നിന്നും റിട്ടയര്‍ ചെയ്തു.  മദ്രാസിലാണ് താമസമെങ്കിലും ഇടയ്ക്കു നാട്ടില്‍ വരും.  പ്രത്യേകിച്ച് പൂര സമയത്ത്.  എല്ലാ പൂരങ്ങളും ആസ്വദിക്കും.  എല്ലാ വൈകുന്നേരങ്ങളിലും നീര്‍ക്കൊലിമുക്കില്‍ വരും.  കുറെ നേരം ബസ്‌ സ്റ്റോപ്പില്‍ ഇരിക്കും.  ചിലപ്പോള്‍ കുമരപ്പനാലിലേക്ക് നടക്കും.  എല്ലാവരോടും സ്നേഹത്തോടെ മാത്രമേ സംസാരിക്കുന്നതു കണ്ടിട്ടുള്ളൂ.  എപ്പോള്‍ കണ്ടാലും ഒരു ജെന്റില്‍ മാന്‍ ഷേക്ക്‌ ഹാന്‍ഡ്‌ തരുമായിരുന്നു മണിമാമ.  നാട്ടില്‍ വരുമ്പോള്‍ ടീ ഷര്‍ട്ടും മുണ്ടുമാണ് സ്ഥിര വേഷം . 

വരവൂരിന്റെ മണ്ണിലേക്ക് മടങ്ങണം എന്നായിരുന്നു മണിമാമയുടെ ആഗ്രഹം എന്നറിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും എന്നെ അദ്ഭുതപ്പെടുത്തി എന്നു പറയാം.  ഇതിനു മുന്‍പും പലവട്ടം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വ്യക്തിയാണ് അദ്ദേഹം.  ശരിയാണ്...വരവൂരിന്റെ മണ്ണിലേക്ക് മടങ്ങണം എന്ന് തന്നെയായിരിക്കും വരവൂരില്‍ നിന്ന് പോയവര്‍ ആഗ്രഹിക്കുക.  മണിമാമ വരവൂരിനെ ഇത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്.  നാട്ടില്‍ പോകണമെന്ന് മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് മണിമാമ നിര്‍ബന്ധം പിടിച്ചുവത്രേ! അങ്ങനെ വന്നതാണ് നാട്ടില്‍.  അങ്ങനെ ഒരു തിരിച്ചു വരവിലൂടെ വരവൂരില്‍ അലിഞ്ഞു ചേര്‍ന്നു അദ്ദേഹം.  വരവൂരിനെ ഇഷ്ടപ്പെടുന്നവരെ വരവൂര്‍ തിരിച്ചു വിളിക്കും... തീര്‍ച്ച. 


അറിവുകളുടെയും ലോക പരിചയത്തിന്റെയും പുത്തന്‍ ഏടുകളായിരുന്നു മണിമാമയില്‍ നിന്നും ഞാന്‍ മനസിലാക്കിയത് എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തിരിച്ചറിയുന്നു.  ഒന്നും നേരിട്ട് പറഞ്ഞു തന്നതല്ല.  എല്ലാം മണിമാമ പറയാതെ പറഞ്ഞു തന്നവ തന്നെ. 

അഞ്ചാം ക്ലാസിലോ ആറാം ക്ലാസിലോ പഠിക്കുമ്പോഴാണ് ആദ്യമായി അഞ്ചാം നമ്പര്‍ ഫുട്ബോള്‍ കാണുന്നത്.  അന്ന് വരെ ഒന്നാം നമ്പരും രണ്ടാം നമ്പരും പന്തില്‍ കളിച്ച ഞങ്ങള്‍ക്ക് ഈ അഞ്ചാം നമ്പര്‍ പന്ത് ഒരു അദ്ഭുതമായിരുന്നു.  സുരേഷാണ് ഈ അഞ്ചാം നമ്പര്‍ പന്ത് അവതരിപ്പിച്ചത്.  ഡേവിഡ്‌ ചേട്ടന്‍ കൊണ്ട് വന്നതാണത്രേ, മദ്രാസില്‍ നിന്ന്.  സുരേഷിന്റെ അച്ഛന്റെ ചേട്ടനായ മണിമാമയുടെ മകനാണത്രേ ഡേവിഡ്‌.  അന്ന് ഞാന്‍ മനസിലാക്കിയത് മൂന്ന് കാര്യങ്ങളാണ്.  ഒന്ന്, ഈ ലോകത്ത് അഞ്ചാം നമ്പരില്‍ ഒരു ഫുട്ബോള്‍ ഉണ്ട് എന്നത്.  ഞങ്ങള്‍ കളിക്കുന്ന ഒന്നാം നമ്പരിനെക്കാളും വലുപ്പം കൂടിയ ഇനം.  പിന്നെ, സുരേഷിനു മണിമാമ എന്ന പേരുള്ള ഒരു വലിയച്ഛന്‍ ഉണ്ടെന്ന്.  മൂന്നാമതായി, അദ്ദേഹത്തിനു ഡേവിഡ്‌ എന്ന മകനുണ്ടെന്നും.  ഡേവിഡ്‌ ചേട്ടന്‍ പോയതിനു പിന്നാലെ പോളിയേട്ടന്‍ നാട്ടില്‍ വന്നു.  ഡേവിഡ്‌ ചേട്ടന്റെ ചേട്ടനാണ് പോളിയേട്ടന്‍.  സുരേഷിന്റെ ഏട്ടന്‍ വിജയേട്ടനുമായാണ് പോളിയേട്ടന്‍ അടുത്ത കമ്പനി.  വെക്കേഷന്‍ ആയപ്പോള്‍ മണി മാമയുടെ കുടുംബം നാട്ടില്‍ വന്നു.  അമ്മു ചേച്ചി, ഏഞ്ചല്‍ ചേച്ചി എന്നിവരെ അപ്പോഴാണ് ആദ്യമായി കാണുന്നത്.  ഡേവിഡ്‌ ചേട്ടന്റെ സഹോദരിമാരാണ്. 

ആ  സമയത്താണ് സുരേഷ്, അടയാര്‍ ഹോട്ടലിന്റെ ഒരു സ്റ്റിക്കറും ഒരു ചെറിയ കലണ്ടറും എനിക്ക് തന്നത്.  മണി മാമ കൊടുത്തതാണത്രേ.  മണിമാമ അവിടെ മാനേജരാണ്.  അങ്ങിനെ ഞാനറിഞ്ഞു ഇങ്ങനെ ഒരു വലിയ ഹോട്ടല്‍ ഉണ്ടെന്ന്. നക്ഷത്രങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് അവയുടെ ഗമയെന്നും.   ഡേവിഡിന്റെ പേര് ഡേവിഡ്‌ രാജേഷ്‌ എന്നാണെന്നും, പോളിയേട്ടന്‍ പോളി നാരായണന്‍ ആണെന്നും സഹോദരിമാരുടെ പേര്  ഏഞ്ചല്‍ അനസൂയ, അമ്മു എന്നാണെന്നും അറിഞ്ഞപ്പോഴാണ് അദ്ഭുതം ഇരട്ടിയായത്.  മണിമാമയുടെ അമ്മായി ക്രിസ്ത്യന്‍ ആണെന്നതിനാലാണ് പേരുകള്‍ ഇങ്ങനെ എന്നും അറിഞ്ഞപ്പോള്‍ അദ്ഭുതം വീണ്ടും കൂടി എന്ന് മാത്രം. 

വളരെ വൈകാതെ സന്തോഷേട്ടനേയും വിജയേട്ടനേയും മണിമാമ മദ്രാസിലേക്ക് കൊണ്ട് പോയി.  അതിനു മുന്‍പും നാട്ടില്‍ നിന്നും പലരെയും മണിമാമ കൊണ്ട് പോയിട്ടുണ്ട്.  വിജയേട്ടന്‍ മദ്രാസിലേക്ക് പോയതോടെ പോളിയെട്ടന്റെ വരവ് കുറഞ്ഞു.  ശൈശവവും ബാല്യവും കയറി ഞങ്ങളും പല വഴിക്കായി.  പിന്നീട് നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് മണിമാമയെ കാണാറുള്ളതെങ്കിലും  മണിമാമയുടെ ജീവിതം ഞങ്ങളുടെ മുന്നിലൂടെയാണ് കടന്നുപോയതെന്ന് പറയാം.  ഞങ്ങളെന്നു പറഞ്ഞാല്‍ വരവൂരുകാര്‍.  വരവൂരിലുള്ളവരുടെ ജീവിതം വരവൂരിലുള്ളവര്‍ കാണുന്നു, എപ്പോഴും കണ്ടു കൊണ്ടേയിരിക്കും. 

ഈ  വരുന്ന കാര്‍ത്തികവേലക്ക് കാത്തുനില്‍ക്കാതെയാണ് മണിമാമ യാത്രയായത്. 
പാലക്കല്‍ പൂരത്തിന് നല്ലൊരു ആസ്വാദകനെ നഷ്ടമാവുന്നു. 

പൂരത്തിന്റെ സന്ധ്യയില്‍,

നാട്ടുവെളിച്ചത്തിന്റെ അവസാന കീറും ഇരുട്ടിലേക്ക് വീഴുമ്പോള്‍, 
ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളിലൊന്നു മണിമാമയായിരിക്കും.  

ബലൂണും  പൊരിയും കളിപ്പാട്ടങ്ങളും വാങ്ങി അച്ഛന്റെയും അമ്മയുടെയും കൂടെ പൂരപ്പറമ്പില്‍ നിന്ന് മടങ്ങുന്ന കുട്ടികളുടെ അവസാന ചിലമ്പലും നേര്‍ത്തില്ലാതവുമ്പോള്‍...
വിളക്കത്ര പാലത്തിന്റെ മുകളില്‍ കിടന്നു വേണം എനിക്ക് മണിമാമയെ കാണാന്‍...
പൂരം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കാന്‍...
ചോദിക്കാന്‍ വിട്ടുപോയ പല കാര്യങ്ങളും ചോദിക്കാന്‍...

No comments:

Post a Comment